യുദ്ധം ജയിച്ചതായി ഡോണൾഡ് ട്രംപ് ബുധനാഴ്ച മൂന്നു തവണ പ്രസ്താവിച്ചു. എങ്കിലും കുറേ കാര്യങ്ങൾകൂടി ചെയ്യാനുള്ളതിനാൽ ഉടനേ യുദ്ധം നിർത്തില്ല എന്നും പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിനും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും നിർത്താവുന്ന നിലയിൽ യുദ്ധം എത്തിയിട്ടില്ല എന്നതാണു വസ്തുത. യുദ്ധം 13 ദിവസം പിന്നിടുമ്പോഴുള്ള അവസ്ഥ എന്താണെന്നു നോക്കാം.
ട്രംപ് പറയുന്നത് ഇറാന്റെ വ്യോമസേനയെ നിർവീര്യമാക്കി, നാവികസേനയെ കടലിൽ താഴ്ത്തി, ഇനി തകർക്കാനായി ഇറാന്റെ സേനയുടെ ഒന്നും ശേഷിക്കുന്നില്ല എന്നൊക്കെയാണ്. ഇറാന്റെ സൈനികശേഷി ഗണ്യമായി തകർത്തു എന്നതു ശരി.
പക്ഷേ, അവർക്ക് ദീർഘദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ധാരാളം ശേഷിക്കുന്നുണ്ട്. ഡ്രോണുകളും ധാരാളം. എല്ലാ ദിവസവും ഇസ്രയേലിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും തൊടുക്കുന്നുമുണ്ട്. ഇറാന്റെ കൂലിപ്പട എന്നു പറയാവുന്ന ലബനനിലെ ഹിസ്ബുള്ളകളുടെ കൈയിലും ഇവയൊക്കെ ഉണ്ട്.
കരയുദ്ധം പറ്റില്ല
ഹോർമുസിലൂടെ ചരക്കുനീക്കം സുഗമമായാലേ എണ്ണ, വാതക വിലകൾ താഴുകയും ലഭ്യത ഉറപ്പാകുകയും ചെയ്യൂ. സൈനികമായി ചരക്കുനീക്കം ഉറപ്പാക്കണമെങ്കിൽ ഇറാന്റെ തീരത്തു കയറണം. അതു വലിയ കരയുദ്ധത്തിലേക്കു നീങ്ങും. അതിനൊരുങ്ങിയല്ല ട്രംപ് ആക്രമണം തുടങ്ങിയത്. കപ്പലുകൾക്ക് അകമ്പടി ചിന്തിക്കുന്നതേയില്ലെന്നാണ് യുഎസ് ഊർജ സെക്രട്ടറി ഇന്നലെ പറഞ്ഞത്. അതിനു ശേഷം ക്രൂഡ് വില ഇന്നലെ രണ്ടാം വട്ടവും 100 ഡോളറിലേക്കു കയറി.
അന്ത്യം കാണാനില്ലാത്ത യുദ്ധം, കുതിച്ചുകയറുന്ന എണ്ണവില. ലോകത്തെ ഈ പതനത്തിൽ എത്തിച്ചതിന് ട്രംപും നെതന്യാഹുവും ഉത്തരം പറയേണ്ട നിലയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. സാധാരണ ഇത്തരം ഇടപെടലുകൾക്ക് നാറ്റോയിലെ സഖ്യകക്ഷികളെ കൂട്ടുപിടിക്കാറുണ്ടായിരുന്നു.
ഇത്തവണ അതുണ്ടായില്ല. നാറ്റോയോടുതന്നെ ട്രംപിനു മതിപ്പില്ല. മാത്രമല്ല, പെട്ടെന്ന് അടിച്ചു നേടുന്ന ഒരു വിജയം എന്തിനാ പങ്കുവയ്ക്കുന്നത് എന്നും അദ്ദേഹം കരുതിയിരിക്കാം. അതിനു പകരം നീണ്ട ദുരിതം തരുന്ന അന്തമില്ലാത്ത യുദ്ധത്തിന്റെ ചുമടു വഹിക്കാൻ കൂട്ടുകാരെ കിട്ടുകയുമില്ല.
അയൽക്കാരെ ശത്രുക്കളാക്കി
ഇപ്പോഴത്തെ സ്ഥിതി ചുരുക്കിപ്പറയാം. ഇറാൻ സൈനികമായി തകർന്നു. പക്ഷേ ഹോർമുസിന്റെ നിയന്ത്രണത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും ഇറാൻ ബന്ദികളാക്കി. എണ്ണ പ്രതിസന്ധി അവസാനിപ്പിക്കാതെ അമേരിക്കയ്ക്കും ഇസ്രയേലിനും പിന്മാറാൻ പറ്റില്ല. യൂറോപ്യൻ സഖ്യരാജ്യങ്ങൾ അടക്കമുള്ളവർ ഭയപ്പെടുന്ന കാര്യം യുദ്ധം തീരുകയും എണ്ണനീക്കം തുടങ്ങാതിരിക്കുകയും ചെയ്യുന്നതാണ്.
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയുടെ ചില മിസൈൽവേധ സംവിധാനങ്ങളും റഡാറുകളും തകർന്നു. ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ സുരക്ഷാകവചം വേണ്ടത്ര ഫലപ്രദമല്ല എന്ന വിമർശനത്തിന് ഇതു വഴിതെളിച്ചു.
ആണവപദ്ധതിയിൽ ഭയം
ഇപ്പോഴത്തെ നിലയിൽ യുദ്ധം നിർത്തിയാൽ ഇറാന്റെ ആണവ പദ്ധതി പുനരാരംഭിക്കും. മിസൈൽശേഷി വീണ്ടെടുക്കും. അയൽരാജ്യങ്ങളെല്ലാം അതു ഭയപ്പെടുന്നു. ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിക്കാത്ത വിധമാക്കിയിട്ടു വേണം യുഎസ് പിൻവാങ്ങാൻ എന്നതു സൗദിയുടെയും മറ്റും ആവശ്യമാണ്.
അതേസമയം, ഗൾഫ് മേഖലയിൽ ഇറാനോടുള്ള സമീപനം കടുത്തതായി മാറി. അമേരിക്കൻ താവളം ഉണ്ടെന്നു പറഞ്ഞു തങ്ങളെ ആക്രമിച്ചത് ആ രാജ്യങ്ങളെ വിരോധികളാക്കി. എണ്ണ, ടൂറിസം, വ്യവസായ മേഖലകൾക്കു നേരേ ആക്രമണം ഇന്നലെയും തുടർന്നു. ഐടിയും ടൂറിസവും ധനകാര്യ സേവനവും വളർച്ചയുടെ വഴിയാക്കാൻ ഒരുങ്ങിയ യുഎഇയുടെ കണക്കുകൂട്ടലുകൾ അപ്പാടെ തകർക്കുന്നതായി ഇറാന്റെ ആക്രമണം. എണ്ണ കയറ്റുമതി മുടങ്ങിയത് ആ രാജ്യങ്ങളുടെ വരുമാനവും കുറച്ചു. എണ്ണയുമായി പോകാൻ ചൈനീസ് കപ്പലുകളെ മാത്രമാണ് ഇറാൻ അനുവദിച്ചത്.
യുദ്ധം എണ്ണയിലേക്ക് മാറിയതു ലോകത്തിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രൂക്ഷമായ വിലക്കയറ്റവും മുരടിച്ച സാമ്പത്തികവളർച്ചയും ലോകത്തെ കാത്തിരിക്കുന്നു.